Showing posts with label വിദ്യാഭ്യാസം. Show all posts
Showing posts with label വിദ്യാഭ്യാസം. Show all posts

Tuesday, March 11, 2008

വിദ്യാഭ്യാസം: ഭാവന

പഠനം ഭാവനയെ വികസിപ്പിക്കുന്നതിന്‍ സഹായിക്കുന്നില്ലെങ്കില്‍ എന്താണ്‍ പ്രയോജനം?

സമവാക്യങ്ങളും സിദ്ധാന്തങ്ങളും അറിയേണ്ടതു തന്നെ!
അതായിരിക്കണം അടിത്തറ.
പക്ഷേ, ഭാവനയില്ലാതെ പുതുതായെന്തെങ്കിലും പടുത്തുയര്‍ത്താന്‍ കഴിയുമോ?

ഓഫീസുകളില്‍ ഒരു പൊതുപ്രശ്നമുണ്ട്.
ഭൂരിഭാഗം എപ്പോഴും ഒരു ചൂണ്ടുവിരല്‍ തേടിക്കൊണ്ടിരിക്കും.
അടുത്തത് എന്തെന്ന് സ്വയം ചോദിക്കുകയോ കണ്ടെത്തുകയോ ചെയ്യാന്‍ കഴിവില്ലാത്ത അവസ്ഥ.
പുതുതായി ഒരു വഴി വെട്ടിത്തെളിക്കാന്‍ കഴിയാത്ത അവസ്ഥ.


സ്വയം ചോദിക്കുന്ന ചോദ്യങ്ങളുടെ ചൂണ്ടുവിരല്‍ പിടിച്ച്
ചെറിയ ചെറിയ വിപ്ലവങ്ങള്‍ സൃഷ്ടിയ്ക്കാന്‍ വ്യക്തികള്‍ക്ക്
കഴിയാതിരുന്നാല്‍
വലിയൊരു വിപ്ലവം ഉണ്ടാവുമോ?

Thursday, February 28, 2008

വിദ്യാഭ്യാസം: അതിരുകള്‍

സ്കൂളില്‍ സില്‍ബസ്സാണ്‍ അതിര്‍ത്തി!

ക്ലാസ്സ് മുറിയുടെയും സിലബസ്സിന്റെയും അദ്ധ്യാപകന്റെയും അതിരുകള്‍ ഭേദിച്ച്
വിദ്യാര്‍ത്ഥി സ്വതന്ത്രമായി പറന്നുയരുന്നതാണ് യഥാര്‍ത്ഥ പഠനം.

പഠനം അറിവിനു വേണ്ടിയാകുമ്പോള്‍, പഠിതാവിന്റെ കഴിവാകും അതിര്‍ത്തി!

കുട്ടികളുടെ ഭാവനയെയും അറിയാനുള്ള ത്വരയെയും
നിരന്തരം ഉണര്‍ത്തുന്ന രാസത്വരകമാണോ നമ്മുടെ സ്കൂളുകള്‍/അദ്ധ്യാപകര്‍/പരീക്ഷകള്‍?

Wednesday, February 27, 2008

വിദ്യാഭ്യാസം - മത്സരം

മത്സരം പഠനത്തെ സഹായിക്കില്ല!
പഠനം അറിവുമായാണ് ബന്ധപ്പെട്ടിരിക്കേണ്ടത്.
മറ്റൊരാള്‍ക്ക് മുന്നിലെത്തലല്ല, സ്വയം അറിവിന്റെ ഉയരങ്ങളിലേയ്ക്ക് കയറിച്ചെല്ലാന്‍ കഴിയുമ്പോഴാണ് പഠനം സംഭവിക്കുന്നത്.
അല്ലാതെ പഠനം റാങ്ക് നേടലല്ല.

അറിവിനായുള്ള ആഗ്രഹമായിരിക്കണം പഠനത്തെ ഉണര്‍ത്തേണ്ടത്.

ആഴത്തില്‍ അറിയാതെ ഒന്നാമനാവുന്നതെന്തിന്?

Wednesday, February 20, 2008

വിദ്യാഭ്യാസം: ഇല്ലാതാകുന്ന ചോദ്യം ചെയ്യല്‍‌

ഒരു കുട്ടി, അഞ്ച്- ആറ് വയസ്സുള്ള കുട്ടി, ഒരു ദിവസം എത്ര ചോദ്യങ്ങള്‍ ചോദിക്കുമായിരിക്കും?
ഉത്തരമുള്ളതും ഉത്തരം അറിയാത്തതും, ഉത്തരം ഇല്ലാത്തതുമായ അനവധി ചോദ്യങ്ങള്‍ ഈ പ്രായത്തില്‍ കുട്ടികള്‍ ചോദിച്ച് മുതിര്‍ന്നവരെ ‘ബുദ്ധി’മുട്ടിയ്ക്കാറുണ്ട്.
ഒരു ചോദ്യത്തില്‍ നിന്ന് മറ്റൊരു ചോദ്യത്തിലേക്ക് ഒരൊഴുക്കാണ്...
മിക്കപ്പോഴും അടിയും വാങ്ങി ചിണുങ്ങിയാവും ഇതിന്റെ അവസാനം!

ഇനിയൊരു മുപ്പത് - മുപ്പത്തഞ്ച് വയസ്സായാല്‍ ഇതേ കുട്ടി ഒരു ദിവസം എത്ര ചോദ്യങ്ങള്‍ ചോദിക്കും?
ഒന്നോ, രണ്ടോ... ഏറിയാല്‍ പത്ത്!
സ്കൂളിലും കോളേജിലും പഠിച്ച്, കാര്യങ്ങളെല്ലാം അറിഞ്ഞ് വിദ്വാനായതു കൊണ്ടായിരിക്കും, അല്ലേ?

യഥാര്‍ത്ഥത്തില്‍ ചോദ്യങ്ങള്‍ ഇല്ലാത്തതല്ല!

മനസ്സില്‍ ചോദ്യങ്ങളുടെ ഒരു കൂമ്പാരം തന്നെയുണ്ടാവും, പക്ഷേ ചോദിക്കില്ല!
നാണക്കേടല്ലേ...
പരിഹാസച്ചിരി കേട്ടാലോ...

അങ്ങനെ ചോദ്യങ്ങള്‍ മനസ്സില്‍ തന്നെ ഒതുങ്ങിപ്പോകുന്നു.
അറിവില്ലെന്നത് വാസ്തവം.
ആ അവസ്ഥയില്‍ നിന്ന് രക്ഷപെടാന്‍ കഴിയാത്തത് ഏറ്റവും വലിയ ദുരന്തം.


പുതിയ ചോദ്യങ്ങള്‍ ചോദിക്കാനും പുതിയ സാധ്യതകള്‍ കാണാനും വേണ്ടത് ധൈര്യവും ഭാവനയുമാണ്‍.

Tuesday, February 19, 2008

വിദ്യാഭ്യാസം - ചോദ്യങ്ങള്‍

അദ്ധ്യാപകര്‍
ശരിയായ ചോദ്യങ്ങള്‍ ചോദിക്കാന്‍
കുട്ടികളെ പഠിപ്പിച്ചിരുന്നെങ്കില്‍?

ശരിയായ ഉത്തരങ്ങള്‍
കുട്ടികളെ താത്കാലിക വിജയങ്ങള്‍ക്കായി മാത്രം തയ്യാറാക്കുന്നു.

പക്ഷേ,
ചോദ്യങ്ങള്‍ നിരന്തരമായി ചോദിക്കാന്‍ പഠിക്കുന്ന കുട്ടികള്‍,
ഉത്തരങ്ങള്‍ സ്വയം കണ്ടെത്താന്‍ പഠിക്കുന്ന കുട്ടികള്‍,
ജീവിതത്തില്‍ തുടരെ വിജയിച്ചു കൊണ്ടിരിക്കും.


നിങ്ങളുടെ മക്കള്‍ മാര്‍ക്ക്/റാങ്ക് വാങ്ങണോ ജീവിതത്തില്‍ വിജയിക്കണോ?

Monday, February 18, 2008

വിദ്യാഭ്യാസം: അനുസരണ

അനുസരണയെന്ന് കേള്‍ക്കുമ്പോള്‍ ഓര്‍മ്മ വരിക തിളങ്ങുന്ന ഒരു ചൂരലിന്റെ ഇളം മഞ്ഞ നിറത്തെയാണ്‍.
അനുസരണ, സ്കൂളുകളില്‍ അടിച്ചമര്‍ത്തലും!
സ്കൂളില്‍ നിന്നിറങ്ങിവരുന്നത് അനുസരണയില്ലാത്തതും ചോദ്യങ്ങള്‍ ചോദിക്കാന്‍ സങ്കോചിക്കുകയും ചെയ്യുന്ന ഒരു കൂട്ടം കുട്ടികള്‍!

പറയൂ, ഇങ്ങനെ അനുസരണ പഠിപ്പിയ്ക്കണോ കുട്ടികളെ?

കഷായം: പഴയ പോസ്റ്റുകള്‍