Thursday, December 20, 2007

ലോകത്തെ അമ്പെയ്തു വീഴ്ത്തുന്നവര്‍

ചിലരുണ്ട്, ചുറ്റും കുറ്റം മാത്രം കാണും!
വിമര്‍ശനം, പ്രതികരണം, വാദപ്രതിവാദം...
ഊര്‍ജ്ജമെല്ലാം പാഴാക്കുന്ന വ്യക്തികള്‍.
ക്രിയാത്മകമായ പ്രവര്‍ത്തികള്‍ പ്രതീക്ഷിക്കരുത്, ഇവരില്‍ നിന്ന്...

പ്രശ്നം അതല്ല...
വിമര്‍ശന ശരങ്ങളെയ്ത്... ജേതാവായി വിലസുമ്പോള്‍...
തിരികെ വരുന്ന ഒരു തൂവലേറ് പോലും ഇവര്‍ക്ക് സഹിക്കാനാവില്ല...

Wednesday, December 19, 2007

ഷേവിംഗ് ടിപ്സ്

ക്ഷൌരം ഒരു പുരുഷന്റെ സ്വകാര്യ സുഖങ്ങളില്‍ ഒന്നാമത്തേതാണെന്ന് പറഞ്ഞാല്‍ ആരൊക്കെ യോജിക്കുമെന്ന് അറിയില്ല.
രാവിലെ, നല്ലൊരു ഷേവും ആഫ്റ്റര്‍ ഷേവ് ലോഷനും കൊതിക്കാത്ത പുരുഷന്മാരുണ്ടോ?

  1. താടി രോമങ്ങള്‍ അത്ര മൃദ്ദുവല്ല. അതുകൊണ്ട് ഷേവ് ചെയ്യുമ്പോള്‍ മുഖം ശരിയായി നനയ്ക്കാതിരുന്നാല്‍, മുറിവുണ്ടാകാനും അസ്വസ്ഥകള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. അതുകൊണ്ട് കുളി കഴിഞ്ഞ് ഷേവ് ചെയ്യുന്നതാണ് ഏറ്റവും നല്ലത്. ജലം വലിച്ചെടുത്ത് മൃദുവായ താടി രോമങ്ങളും മുഖചര്‍മ്മവും ഷേവിങ് വളരെ സുഖകരമാക്കും. കുളി കഴിഞ്ഞ് ഷേവ് ചെയ്യാന്‍ മടിയുള്ളവര്‍, കുറഞ്ഞത് പത്തു മിനിട്ടെങ്കിലും മുഖം നനച്ച് രോമങ്ങള്‍ മൃദുവായതിനു ശേഷം ഷേവ് ചെയ്യുക.
  2. നന്നായി സോപ്പ്/ഷേവിങ് ക്രീം പതയ്ക്കുക. ഒരു ചടങ്ങിന്‍ ഷേവിങ് ക്രീം പൂശിയിട്ട് ബ്ലേഡ് പ്രയോഗിക്കരുത്. നന്നായി ഷേവിങ്ങ് ക്രീം പതച്ചാല്‍ രോമങ്ങളെ മൃദുവാക്കുന്നതിനോടൊപ്പം ഷേവിങ് സ്മൂത്ത് ആക്കാനും കഴിയും.
  3. ഷേവ് ചെയ്യുമ്പോള്‍ ബ്ലേഡിന്റെ ചലനം മുകളിലേയ്ക്ക് ഒരിക്കലും ആകരുത്. താടിയുടെ കീഴ്വശത്തും ബ്ലേഡിനെ താഴോട്ട് മാത്രം വലിക്കുക.
  4. രണ്ടാം റൌണ്ട് ഷേവിങ്ങിന്‍ മുമ്പും നന്നായി സോപ്പ്/ക്രീം പത ഉപയോഗിക്കുക
  5. ഷേവിങ്ങിനു ശേഷം നന്നായി ആഫ്റ്റര്‍ ഷേവ് ലോഷന്‍ മുഖത്ത് പുരട്ടുക. ഇത് ബ്ലേഡ് അലര്‍ജി, ചെറിയ മുറിവുകളില്‍ നിന്നുള്ള അസ്വസ്ഥതകള്‍ ഇവ ഒഴിവാക്കും. ഒരു ഫ്രഷ്നസും സുഖമുള്ള നേരിയ മണവും ആഫ്റ്റര്‍ ഷേവ് ലോഷനുകള്‍ ഉപയോഗിച്ചാല്‍ ലഭിക്കുകയും ചെയ്യും.
അപ്പോള്‍ പറഞ്ഞതു പോലെ... ഹാപ്പി ഷേവിങ്ങ്!

Blogged with Flock

Tuesday, December 18, 2007

വാര്‍ദ്ധക്യം

പുള്ളിങ്ങില്ലാത്ത വണ്ടിയുടെ കാര്യം പോലെയാണ് വാര്‍ദ്ധക്യം.
ആക്സിലറേറ്ററില്‍ ആഞ്ഞ് ചവിട്ടാമെന്നല്ലാതെ, എഞ്ചിന്‍ വലിക്കത്തില്ല.

ഇതൊരു പരിഹാസമല്ല, നിസ്സഹായമായ ഒരു അവസ്ഥയിലേക്ക് ചെന്നെത്തുന്നതിന്റെ
തുടക്കം മനസ്സിലാക്കാനുള്ള ശ്രമം മാത്രമാണ്.

കുറച്ച് കഴിയുമ്പോള്‍ കാര്യങ്ങള്‍ നേരെയാകും.
തലച്ചോറിന്റെ/മനസ്സിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് യാഥാര്‍ഥ്യ ബോധം വന്നു തുടങ്ങും.
ഏതൊക്കെ ഹോര്‍മോണുകള്‍ തിളച്ചു തൂവിക്കഴിഞ്ഞാലാണോ‍ ഇതൊക്കെ അടങ്ങുക!

Tuesday, November 27, 2007

അറിഞ്ഞതില്‍ നിന്നുള്ള മോചനം

ദിവസവും കുറച്ചു നേരം ഉള്ളിലേക്ക് നോക്കി ഇരിക്കുക.
അറിയാത്തവയെക്കുറിച്ച് ധ്യാനിക്കുക.
“എനിയ്ക്കറിയില്ല” എന്ന് പറയാന്‍ പഠിക്കുക.
അഹംഭാവം ഒഴിഞ്ഞു പോകും.

നിറഞ്ഞ ചായക്കോപ്പയിലേക്ക് പിന്നെയും ചായ പകര്‍ന്ന
സെന്‍ ഗുരുവിന്റെ കഥ അറിയാത്തവരില്ലല്ലോ?

ഉള്ളില്‍ അല്പം ഇടം
എപ്പോഴും ഒരുക്കി വെക്കുക,
അറിവുകളുടെ വരവിനെക്കുറിച്ച്
എനിയ്ക്കറിയില്ലല്ലോ എന്ന് അത്ഭുതം കൂറി
അല്പനേരം ധ്യാനിക്കുക.

അറിയില്ലെന്ന അറിവ്
അറിയാനുള്ള ത്വരയുളവാക്കും.

Monday, November 26, 2007

ഫ്രീ മൊബല്‍ ഫോണ്‍ ചാര്‍ജര്‍

മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ വൈദ്യുതി വേണമെന്ന് ശാസ്ത്രം! നേപ്പാളില്‍ മൊബൈല്‍ ചാര്‍ജ്ജ് ചെയ്യാന്‍ ഉപയോഗിക്കുന്നത് പച്ചില!!!


How To Charge Mobile Battery From A Leaf ! - More bloopers are a click away

മലയാളിയുടെ പരസ്യ ലൈംഗീക പ്രകടനങ്ങള്‍

പൊതുഇടങ്ങളെ മലിനമാക്കുന്ന തരത്തിലാണ് ചില പുരുഷന്മാരുടെ നോട്ടവും കൈക്രിയകളും. ഇത് മലയാളികള്‍ കൂടുതലായി പ്രകടിപ്പിക്കുന്നതായാണ് സ്ത്രീജനങ്ങളുടെ പരാതിയും. ഇതര സംസ്ഥനങ്ങളില്‍ നിന്ന് ഇത്തരം പെരുമാറ്റം നേരിടുമ്പോഴും അത് മലയാളികളാണ് ചെയ്യുന്നതെന്ന പരാതിയും കേള്‍ക്കാറുണ്ട്. എന്തുകൊണ്ടാണിത്? ഇന്ത്യയിലെ ഇതരസംസ്ഥാനവാസികളൊക്കെ അത്ര മാന്യന്മാരും മലയാളികള്‍ മഹാ‍അലവലാതികളും ആണെന്നാണോ വസ്തുത?

ഇതര സംസ്ഥനങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെ സംഭവിക്കാനിടയുള്ള ലൈഗീകമായ ഒരു ആക്രമണത്തിന്, സാ‍മൂഹികമായ ഒരു  അസാധ്യതയുള്ളതിനെക്കുറിച്ച് ആരും ഇതുവരെ പറഞ്ഞ് കേട്ടിട്ടില്ല. സാധാരണ സംഭവിക്കുന്നതെന്താണ്? വഴിയരികില്‍ ഒരു കൂര്‍ത്ത നോട്ടം, ലൈംഗീകമായ ഒരു പ്രദര്‍ശനം, ആള്‍ക്കൂട്ടത്തിനിടയില്‍ സ്പര്‍ശം, ആത്മവിശ്വാസത്തോടെ ഒരു പിച്ചിപ്പറി! ഇവിടൊക്കെ ഒരു നേര്‍ക്ക് നേര്‍ നില്പുണ്ട്. സ്ത്രീയും പുരുഷനും നഗ്നരായിരിക്കുന്ന കിടപ്പറകളിലേതു പോലെ ഒരു നേര്‍ക്കുനേര്‍ പോര്‍.

ഏത് പോരും സാധ്യമാകണമെങ്കില്‍ കുറഞ്ഞത് രണ്ട് പേരുടെ സാന്നിദ്ധ്യം വേണം. ഒരാള്‍ യുദ്ധസന്നദ്ധനാകുമ്പോള്‍ മറ്റെയാള്‍ ഓടിക്കളഞ്ഞാല്‍, അല്ലെങ്കില്‍ ഒരാള്‍ക്കെതിരെ നില്‍ക്കാന്‍ മറ്റൊരാളില്ലാതായാല്‍ അക്രമം ശാരീരികമായി നടക്കുന്നില്ല. രണ്ട് പേര്‍ ഗോദയില്‍ നില്‍ക്കാന്‍ സാധ്യമാകുന്ന സാഹചര്യം ഇന്ത്യയില്‍ ഏതൊക്കെ സംസ്ഥനങ്ങളില്‍ നിലവിലുണ്ടാകാം? സാമൂഹികമായ അന്തരങ്ങള്‍; അവ സാമ്പത്ത്/ജാതി മുതലായവയെ മുന്‍‌നിറ്ത്തി ചിന്തിച്ചാല്‍; മറ്റു സംസ്ഥനങ്ങളില്‍ വളരെ വലുതാണ്. അവിടെ നേര്‍ക്ക് നേര്‍ നില്‍ക്കാനുള്ള സാധ്യത തീരെ ഇല്ലാത്ത സാഹചര്യമാണെന്നാണ്‍ പറഞ്ഞ് വന്നത്.

സാമൂഹികമായ ഒരു തുല്യാവസ്ഥ ഉണ്ടായിരുന്നെങ്കില്‍ കേരളത്തിലേതു പോലെയുള്ള പരസ്യമായ ലൈംഗീക അതിക്രമങ്ങള്‍ എല്ലായിടത്തും ഏതാണ്ട് ഒരേ അളവില്‍ നടക്കാനുള്ള സാധ്യതയെ തള്ളിക്കളയാനാവുമോ?

മലയാളി പുരുഷന്‍ ലൈഗീക അരാജകത്വം ചുമന്നു നടക്കുന്നുവെന്ന ആരോപണം നിഷേധിക്കാന്‍ ആരും തയ്യാറാവാത്തതെന്ത്?

Monday, November 19, 2007

കഷായം

കഷായത്തിന് കയ്പാണ്. കടുത്ത കയ്പ്!
കയ്പിന്റെ കനിവേ, നീക്കണേ മാറാരോഗങ്ങളേ...

കഷായം കറുപ്പാണ്, കറുത്ത കറുപ്പ്!
കറുത്തു കലങ്ങിയ കഷായമേ, വെളുപ്പിച്ചെടുക്കണേ ആത്മാക്കളേ...

കഷായം: പഴയ പോസ്റ്റുകള്‍